വിജയവാഡ: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്ക നിർമാണശാലയിൽ തീപിടിത്തത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികൾ ജോലികളിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.