കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ കുടുംബത്തിന്റെ രക്ഷകനായി വന്ന് സി.കെ.ശ്രീധരൻ ചതിച്ചതായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങൾ. ഒരു മാസം മുൻപ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന മുൻ കെപിസിസി വൈസ് പ്രസിഡന്റ് സി.കെ.ശ്രീധരൻ പെരിയ കേസിൽ പ്രതികളായ 9 സിപിഎം പ്രവർത്തകർക്കു വേണ്ടി കോടതിയിൽ ഹാജരാകുന്നതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ. ‘ഞങ്ങളുടെ രക്ഷകനായി വന്നു നിയമോപദേശം തന്നു ചതിക്കുകയായിരുന്നു സി.കെ.ശ്രീധരൻ എന്ന് ഇപ്പോഴാണ് അറിയുന്നത്. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും പല തവണ വീട്ടിൽ വരികയും ചെയ്ത ശേഷം കേസുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹം കൊണ്ടുപോയി. ഒരു മാസത്തോളം കുറ്റപത്രമടക്കം കയ്യിൽ വച്ച ശേഷമാണ് അതു കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർക്കു കൈമാറിയത്. ഇപ്പോൾ പണം കിട്ടും എന്നായപ്പോൾ പ്രതികൾക്കു വേണ്ടി കേസ് വാദിക്കാനാണ് കോൺഗ്രസ് വിട്ട് അദ്ദേഹം സിപിഎമ്മിൽ ചേർന്നത്. ഞങ്ങളുടെ മക്കൾക്കു വേണ്ടി കേസ് വാദിച്ചാൽ പണം കിട്ടില്ലെന്ന് അദ്ദേഹത്തിനറിയാം. എല്ലാ രേഖകളും ഞങ്ങളിൽ നിന്നു കൈക്കലാക്കിയ ശേഷം ഞങ്ങളെയും മക്കളെയും ...