തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹരജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം.
തൊണ്ടിമുതല്‍ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്റണി രാജു ഉപഹരജി സമര്‍പ്പിച്ചത്. മൂന്നു വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. ഈ ശിക്ഷാ വിധി ജില്ലാ സെഷന്‍സ് കോടതി മരവിപ്പിച്ചിരുന്നു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഇത് പ്രോസിക്യൂഷന്‍ എതിര്‍ത്തു. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തി എന്നതാണ് കേസ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ