കാറഡുക്ക ഗ്രാമപഞ്ചായത്തിൽ പോഷണ മാസാചരണവും SOS ക്യാമ്പയിനും തുടങ്ങി; അങ്കണവാടികൾ SOS നിയന്ത്രിത മേഖലകളായി
മുള്ളേരിയ: കാറഡുക്ക ഗ്രാമപഞ്ചായത്തും കാറഡുക്ക ഐ.സി.ഡി.എസ് പ്രോജക്ടും ചേർന്ന് ഒൻപതാം പോഷണ മാസാചരണത്തിനും SOS നിയന്ത്രണ ക്യാമ്പയിനും തുടക്കമിട്ടു. മുള്ളേരിയ ഗണേഷ് ക്ലബ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനനി എം. ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ 30 അങ്കണവാടികളെയും SOS നിയന്ത്രിത മേഖലകളായി പ്രസിഡന്റ് പ്രഖ്യാപിച്ചു.
"ഉപ്പ് കുറച്ച്, എണ്ണ കുറച്ച്, മധുരം കുറച്ച്... ആരോഗ്യം നിറച്ച്" എന്ന സന്ദേശവുമായാണ് SOS ക്യാമ്പയിൻ നടപ്പിലാക്കുന്നത്. കുട്ടികളിലെ അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ കുട്ടികൾ എന്നിവരിൽ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് അങ്കണവാടി തലത്തിൽ സംഘടിപ്പിക്കുന്നത്.
ചടങ്ങിനോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേർന്ന് കുട്ടികളുടെ വളർച്ചയും ആരോഗ്യ പ്രശ്നങ്ങളും തുടർച്ചയായി നിരീക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും നടന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദര റാവു അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ മഞ്ജുള കെ. സ്വാഗതവും സൂപ്പർവൈസർ കാവ്യശ്രീ വിഷയാവതരണവും നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സവിത, വസന്തി, ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് എം., ഗായത്രി, ബേബി എ., സഫ്ന, മിസ്രിയ എൽ., ഫർസാന ബി., ഷെരീഫ് എം., വിജയകുമാർ എ., വിജയകുമാർ സി.കെ., മോഹനൻ കെ., ഭാസ്കര ടി., ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ. ശ്രീജ വി. എന്നിവർ ആശംസകൾ നേർന്നു. അങ്കണവാടി വർക്കർ ലളിത കെ. നന്ദി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ