ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി

  കാസർകോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി ഹൊസ്ദുർഗിൽ നിന്ന് പി.അജിത് കുമാറിനെ മാറ്റി നിയമിച്ചു. അമ്പലത്തറ ഇൻസ്പെക്ടർ ആയ കെ പി ഷൈൻ ആണ് പുതിയ വിദ്യാനഗർ ഇൻസ്പെക്ടർ. എൻ പി രാഘവനെ മേൽപ്പറമ്പിലും ചിറ്റാരിക്കാലിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെ അമ്പലത്തറയിലും വിദ്യാനഗറിൽ നിന്ന് യുപി വിപിനെ ബേക്കലിലും മാറ്റി നിയമിച്ചു. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിനെ ഹൊസ്ദുർഗിലും അനിൽകുമാറിനെ ബദിയടുക്കയിലും ആദൂരിലും നിയമിച്ചു. ബേക്കലിൽ നിന്ന് എം.വി.ശ്രീദാസിനെ ചീമേനിയിലും മാറ്റി നിയമിച്ചു. കുമ്പള ഇൻസ്പെക്ടർ ജിജേഷിനെ കാസർകോട് വിജിലൻസിലും നിയമിച്ചു. മേൽ പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറാണ് പുതിയ ചിറ്റാരിക്കാൽ ഇൻസ്പെക്ടർ.

കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം പ്രവർത്തകൻ ; പ്രതി അറസ്റ്റിൽ, പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി

കണ്ണൂർ : കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം രാജേഷ് പി പി . സംഭവത്തിൽ അറസ്റ്റിലായ രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂത്തുപറമ്പ് നഗരസഭയിലെ സിപിഎം നാലാം വാർഡ് കൗൺസിലറാണ് പി പി രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 77 കാരിയായ വയോധികയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. പ്രതി ഹെൽമറ്റ് വച്ചിരുന്നതിനാൽ ജാനകിക്ക് ആളെ തിരിച്ചറിയാനായില്ല. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുക്കമാണ് രാജേഷ് പിടിയിലായത്.

കണക്കുകൾ സൂക്ഷിക്കുന്നതിൽ പരാജയം, ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകൾ കാണാനില്ല'; തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

  കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 2014-15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ 10 വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ചെലവഴിച്ച പണത്തിന് പലതിലും വൗച്ചര്‍ ഇല്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇനിയും സ്ഥിരീകരിക്കാനായില്ല. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്ററാണെന്നും ഇതില്‍ അഴിമതി നടത്താന്‍ വലിയ സാധ്യതയുണ്ടെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം

  ന്യൂഡൽഹി: ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം. രാജ്യസഭ എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒൻപത് നില കെട്ടിടത്തിന്റെ മൂന്ന് നില പൂർണമായും കത്തി. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു.

പെരിയ ഇരട്ടക്കൊല കേസ്; രണ്ട് പ്രതികള്‍ക്ക് കൂടി പരോള്‍

  പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കൂടി പരോള്‍ അനുവദിച്ചു. കേസിലെ ആറാം പ്രതി ശ്രീരാഗിനും 15-ാം പ്രതി സുരേന്ദ്രന്‍ എന്ന വിഷ്ണു സുരയ്ക്കുമാണ് പരോള്‍ അനുവദിച്ചത്.

സംസ്ഥാനത്ത് ഏഴ് ദിവസം കൂടി മഴ തുടരും; ഒമ്പത് ജില്ലകളി‍ൽ ഇന്ന് യെല്ലോ അലേർട്ട്

  തിരുവനന്തപുരം: തുലാം മാസത്തിലേക്ക് കടക്കാനിരിക്കേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ഏഴ് ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി കേരള കർണാടക തീരത്തിന് സമീപം ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതിനാൽ അടുത്ത ഏഴ് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. മഴ കണക്കിലെടുത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, തൃശൂർ, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജാ​ഗ്രതാ നിർദേശം.

നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

  പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻ കോടതിയാണ് വിധി പറഞ്ഞത്. ഇരട്ട ജീവപര്യന്തം തടവിന് പുറമെ മുന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.

കേരളത്തിൽ 7 ദിവസം മഴ കനക്കും, അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകുന്നു; 5 ദിവസം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നും, തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ശിരോവസ്ത്ര വിലക്ക്; കുട്ടി പഠനം നിർത്തിപ്പോയാൽ സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടി വരും- മന്ത്രി വി.ശിവൻകുട്ടി

  കോഴിക്കോട്: ശിരോവസ്ത്ര വിവാദത്തിൽ ഇരായായ കുട്ടി പഠനം നിർത്തി പോയാൽ പള്ളുരുത്തി സെന്റ് റീത്താ സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 'ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ ? ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്' എന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണ്. യുനിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാൻ സാഹചര്യമുണ്ടായിരുന്നു. യുനിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു എന്നും മന്ത്രി പറഞ്ഞു."  

ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് ഉണ്ണികൃഷ്ണൻ പോറ്റി; 30 വരെ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. സ്വർണക്കൊള്ളയിൽ ആസൂത്രണം നടന്നുവെന്നും കൊള്ളയെ കുറിച്ച് ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. കട്ടിളപ്പാളികൾ കൊണ്ടുപോയി സ്വർണം പൂശിയപ്പോൾ തനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായി. പിന്നീട് ദ്വാരപാലകശിൽപം കൊണ്ടു പോയി സ്വർണം തട്ടാൻ തീരുമാനിച്ചു. ഇതിന് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു എന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പാലിയേക്കര ടോൾ പിരിവ്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി, ഉപാധികളോടെ ടോൾ പിരിക്കാം, കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

  തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായകമായ ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ടോൾ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിൽ പൂർണ്ണ തൃപ്തിയില്ല എന്ന് ഹർജിക്കാർ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. 

ഹിജാബ് വിവാദം; കുട്ടിയുടെ ടിസി വാങ്ങും, തീരുമാനത്തില്‍ ഉറച്ച് പിതാവ്, വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി

  കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് ആവര്‍ത്തിച്ചു. കുട്ടി മാനസീകമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതര്‍ പറയുന്നത്, എന്‍റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.

കെഎസ്ആർടിസി ബസിലെ പ്ലാസ്റ്റിക് കുപ്പി വിവാദം: ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

  കൊച്ചി: ബസിൽ വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസിക്ക് തിരിച്ചടി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ന്യായമായ കാരണമില്ലാത്ത സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കേണ്ടി വരുമെന്നും നടപടി അമിതാധികാരപ്രയോഗം ആണെന്നും കോടതി വിമർശിച്ചു. ട്രാൻസ്ഫർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ജയ്മോൻ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും കെഎസ്ആർടിസിയോട് നിർദേശിച്ചു

പൊന്നിന് പൊന്നുംവില, ട്രെയിൻ യാത്രയിൽ സ്വർണം വേണ്ട; നിർദേശവുമായി റെയിൽവെ

  ചെന്നൈ: തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറയിപ്പുമായി റെയിൽവെ. ഇതുസംബന്ധിച്ച് റെയിൽവെ പോസ്റ്ററും ബോധവത്കരണ വീഡിയോയുമിറക്കിട്ടുണ്ട്. യാത്രയിൽ സ്വർണം ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന് തെറ്റിധരിപ്പിക്കുന്ന ആഭരണങ്ങളും കവർച്ചക്കാരെ മോഹിപ്പിക്കുമെന്നും ഇത് അപകടം വരുത്തിയേക്കാമെന്നും റെയിൽവെ വ്യക്തമാക്കുന്നു.

ഗുജറാത്ത് മന്ത്രിസഭയിൽ കൂട്ടരാജി; മുഖ്യമന്ത്രി ഒഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു

  ഗാന്ധിനഗർ: ഗുജറാത്തിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. നാളെ മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് മന്ത്രിമാരുടെ കൂട്ട രാജി. ഏഴ് മുതൽ 10 വരെ മന്ത്രിമാരെ നിലനിർത്താൻ സാധ്യതയുണ്ട്. ബാക്കിയുള്ളവർ പുതുമുഖങ്ങളായിരിക്കും. വീണ്ടും മന്ത്രിമാരാകുന്നവരുടെ രാജി ഗവർണർക്ക് കൈമാറില്ലെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് രാത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തും. പുതിയ മന്ത്രിസഭ നാളെ രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. രഹസ്യകേന്ദ്രത്തിലെത്തിച്ച് പോറ്റിയെ ചോദ്യം ചെയ്യുകയാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് എസ്‌ഐടി അന്വേഷണം നടത്തുന്നത്. ചെന്നൈയിലും ഹൈദരാബാദിലും എത്തി സംഘം വിവരം ശേഖരിച്ചിരുന്നു. എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് വിവരം.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ വാദം തള്ളി വിദേശ കാര്യമന്ത്രാലയം

  ഡൽഹി: റഷ്യയിൽ നിന്നും ഓയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ. ഇഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ വാദം തള്ളി വിദേശ കാര്യമന്ത്രാലയം ന്ത്യൻ ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ട്രംപിനെ മോദി ഭയക്കുന്നെന്ന വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. റഷ്യയിൽ നിന്നും ഓയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. ഓപറേഷൻ സിന്ദൂറിലെ ട്രംപിൻ്റെ പ്രസ്താവനകളെ മോദി എതിർക്കുന്നില്ല. വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്.

ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവം; രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

  ദില്ലി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് എതിരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്. ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലത് എന്നാണ് കോടതിയുടെ നിരീക്ഷണം. കോടതി നടപടി ആരംഭിച്ചാൽ ഇത്തരക്കാർക്ക് വീണ്ടും വാർത്ത പ്രാധാന്യം ലഭിക്കുക മാത്രമാണ് നടക്കുകയെന്നും സുപ്രീം കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ, കേസ് ജനുവരിയിലേക്ക് മാറ്റി

  ദില്ലി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി നൽകുകയും ചെയ്തു. നിമിഷ പ്രിയയുടെ മോചനത്തിമനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. ഈ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തിൽ നിലവിൽ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 

പാര്‍ട്ടിക്കായി ഇനി പ്രചാരണത്തിനില്ല'; സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങളെന്ന് ജി സുധാകരൻ

  ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വിമർശനങ്ങൾ ആവർത്തിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പാര്‍ട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്നും ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. നേതാക്കള്‍ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു. തനിക്കും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് എന്നാണ് ജി സുധാകരൻ ആരോപിക്കുന്നത്. ജില്ലാ സെക്രട്ടറി നാസറിനും എച്ച് സലാമിനും എതിരെയും ജി സുധാകരൻ വിമർശനം ഉന്നയിക്കുന്നു.

സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്‍റെ പാലമേ ഇപ്പോൾ പോയുള്ളൂ...'; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം

  കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ വിശദീകരണ യോഗവുമായി സിപിഎം. ഷാഫി പറമ്പില്‍ എംപിക്കെതിരെ യോഗത്തിൽ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണെന്നും ഇപി ജയരാജൻ വിമർശിച്ചു. അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ്‌ ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പറഞ്ഞ ഇപി ജയരാജൻ, ലത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ചോദിച്ചു.

മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ

  കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കേസിൽ സിപിഎം - ബിജെപി ഒത്തുകളി ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അപ്പീൽ സമർപ്പിച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം - ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. 

ആത്മഹത്യക്കു ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി ആശുപത്രിയിലേക്കു പോകവെ കാര്‍ മറിഞ്ഞ് മരിച്ചു

ആത്മഹത്യക്കു ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി ആശുപത്രിയിലേക്കു പോകവെ കാര്‍ മറിഞ്ഞ് മരിച്ചു. കാസര്‍കോട് ബേത്തൂര്‍പാറയില്‍ ആണ് സംഭവം. കുറ്റിക്കോല്‍ ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടിലെ ബാബുവിന്റെ മകള്‍ മഹിമയാണ് (20)മരിച്ചത്. ബുധന്‍ രാവിലെ എട്ടോടെയാണ് സംഭവം. വീട്ടുകാര്‍ മഹിമയുടമായി ആശുപത്രിയിലേക്കു പോവുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. ഓടിക്കൂടിയവര്‍ കാര്‍ യാത്രികരെ ചെര്‍ക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയെ രക്ഷിക്കാനായില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.

തുലാവര്‍ഷം കനക്കും; ഇന്നും നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എകെജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമ പ്രകാരം, 9 നില കെട്ടിടം പണിയാൻ ചെലവഴിച്ചത് 30 കോടി രൂപ', സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി എം വി ഗോവിന്ദൻ

 ദില്ലി: എ കെ ജി സെന്റർ ഭൂമി കേസിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2021 ൽ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയിൽ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത് എന്നും എം വി ഗോവിന്ദൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത വിവരങ്ങളാണിത്. വാങ്ങുമ്പോൾ ഭൂമി സംബന്ധിച്ച കേസുകൾ ഇല്ലായിരുന്നു എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കെനിയന്‍ മുന്‍ പ്രധാനമന്ത്രി എറണാകുളം, കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണു മരിച്ചു

  എറണാകുളം: കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്കെ (80) എറണാകുളം, കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണു മരിച്ചു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ റെയില കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാത സവാരിക്കിടയിലാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ശ്രീധരീയം ആശുപത്രിയുമായി ദീര്‍ഘകാല ബന്ധമുള്ള റെയില ഒടിങ്കെ മകളുടെ കണ്ണിന്റെ ചികിത്സയ്ക്കാണ് ആറുദിവസം മുമ്പ് കൂത്താട്ടുകുളത്ത് എത്തിയത്. മൃതദേഹം സ്വന്തം രാജ്യത്തേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു

പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, സജി ചെറിയാനെതിരെ നടപടി എടുക്കണം ,എന്നെ ഉപദേശിക്കാൻ ഉള്ള അർഹത സജി ചെറിയാനില്ല, : ജി സുധാകരന്‍

  ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. . പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് വിവാദം: സ്കൂൾ അധികൃതർക്ക് വീഴ്ച്ച, വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി ശിവൻകുട്ടി

  കൊച്ചി : എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.

കനത്ത ഇടിയും മഴയും; കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു മരണം

  കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ചെങ്കല്‍ തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത് . മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ക്ക് മിന്നലേറ്റു.  എക്കാപറമ്പില്‍ കെട്ടിട നിര്‍മാണത്തിനിടെയാണ് അപകടം‌. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. വ്യാപകമായി മഴ പെയ്യുന്നുണ്ട്. അഞ്ചുദിവസം ശക്തമായ മഴ പെയ്യും. എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്."

കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം, കെ.സി വേണുഗോപാൽ കേരളത്തിലും കേന്ദ്രത്തിലുമുണ്ട്; അബിൻ വർക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്

പാലക്കാട്: കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന അബിൻ വർക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തിൽ ഇരുന്ന രാജ്യം മുഴുവൻ പ്രവർത്തിക്കാം. കെ.സി വേണുഗോപാൽ കേരളത്തിലും കേന്ദ്രത്തിലുമുണ്ട് എന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. അബിൻ വർക്കിയുടെ പ്രതികരണം കണ്ടിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ദേശീയ സെക്രട്ടറിയായി നിയമിച്ചതിൽ അതൃപ്തി വ്യക്തമാക്കി അബിൻ വർക്കി മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം. തന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു അബിൻ വർക്കിയുടെ ആവശ്യം. കാലങ്ങളായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് പാർട്ടിയോട് അഭ്യർഥിക്കുമെന്നും അബിൻ വർക്കി പറഞ്ഞു.

പാലിയേക്കരയിൽ ടോള്‍ വിലക്ക് തുടരും; ഗതാഗതക്കുരുക്ക് മാറിയിട്ടില്ലെന്ന് കലക്ടര്‍; സ്ഥിതി നേരിട്ട് വിലയിരുത്താന്‍ കലക്ടറോട് കോടതി

  മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കരയിൽ ടോൾ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിടാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്നും ട്രാഫിക്  കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.  എന്നാൽ ദേശീയപാതയിലെ തിരക്ക് മുന്‍പുണ്ടായിരുന്നതുപോലെ തുടരുന്നുവെന്ന് തൃശൂർ ജില്ല കലക്ടർ  അറിയിച്ചു. ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്കുള്ളത്. പേരാമ്പ്രയിലും ചിറങ്ങരയിലും തിരക്കുള്ള സമയങ്ങളിലും പ്രശ്നമുണ്ടെന്നും കലക്ടർ അറിയിച്ചു. തുടർന്ന് ഇന്നു തന്നെ ഇവിടം സന്ദർശിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള നിർദേശം നൽകാൻ കലക്ടറോട് കോടതി നിർദേശിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഓഗസ്റ്റ് 6നാണ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി വിലക്കിയത്.

സര്‍ക്കാര്‍ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ ആര്‍എസ്എസ് പരിപാടികള്‍ നടത്തരുത്; നിര്‍ദേശവുമായി കര്‍ണാടക മുഖ്യമന്ത്രി

  ബംഗളൂരു: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെയും പൊതു മൈതാനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ഭൂമികളുടെയും പരിസരത്ത് ആര്‍എസ്എസ് ശാഖാ യോഗങ്ങള്‍ നടത്തരുതെന്ന നിര്‍ദേശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ നാലിന് ഖാര്‍ഗെ എഴുതിയ കത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ എഴുതിയ കുറിപ്പും ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

മഴ കനക്കും; ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ചു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിട്ടുണ്ട്‌. ഇന്ന് 5 ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട്.  നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ടാണ്. മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ല, ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

ഒ കെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ കെ ജനീഷിനെ തിരഞ്ഞെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച ഒഴിവിലേക്കാണ് നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ ജനീഷിനെ തിരഞ്ഞെടുത്തത്. തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ് യുവിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.

മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മിക്കണം; ഹര്‍ജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി

 ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയാണ് ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സിഡന്റ് റസൽ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് നല്‍കി. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ 5 ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു. കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്. പതിനേഴാം തിയതി വരെ മഴ തുടരുമെന്നും ഐഎംഡി അറിയിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. വ്യാഴാഴ്ച്ച വരെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ

  തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലബാർ കലാ സാംസ്ക്കാരിക വേദി പ്രതിഷേധിച്ചു

   കാസർഗോഡ് ജില്ലയിലെ സംസാരഭാഷയെയും സംസ്കാരത്തെയും ചാനൽ ചർച്ചയിലൂടെ അപമാനപെടുത്താൻ അവസരം നൽകിയ ഫ്ലവേഴ്സ് ചാനലിനും അവതാരകനും മാപ്പിളപ്പാട്ട് കലാകാരികൾ എന്ന് പറയുന്ന കണ്ണൂരിലെ രണ്ട് സ്ത്രീകൾക്കും എതിരെ കാസർഗോഡ് മലബാർ കലാ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ , പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം അധ്യക്ഷനായി പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്മാരായ അസീസ് പുലിക്കുന്ന് ഉൽഘാടനം ചെയ്തു, അഷറഫ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. കലാസാംസ്കാരിക പ്രവർത്തകർ അസീസ് ട്രന്റ്, എ.എം അബൂബക്കർ , ജാഫർ പേരാൽ, ബഷീർ തളങ്കര, നൗഷാദ് ബായിക്കര, അമീർ പോപ്പി , അസ്സൻ പതിക്കുന്നിൽ ,ഹാഷിം കാടങ്കോട്, എം.ടി.പി. സെക്കീന, പി.കെ.സബീന. ബൽക്കിസ് തൃക്കരിപൂര്, എന്നിവർ സംസാരിച്ചു , പി.കെ. റിയാസ് നായിമാർ മൂല സ്വാഗതവും , ഷെമീമ തൃക്കരിപൂർ നന്ദിയും പറഞ്ഞു.

കരൂർ ദുരന്തത്തില്‍ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം

  ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മുൻ സുപ്രീം കോടതി ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക. കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസിൻ്റെ നിർദ്ദേശത്തെ തുടർന്നാണ...

സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി; സ്വർണക്കൊള്ളയിൽ കേസെടുത്ത് അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് അന്വേഷണ സംഘം. ക്രൈബ്രാഞ്ച് ആസ്ഥാനത്താണ് കേസെടുത്തത്. സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ 10 പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

ബിഹാർ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ

  ന്യൂഡൽഹി: ബീഹാറിൽ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ. ഇരുമുന്നണികളിലും ധാരണയിലെത്തിയ സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. മഹാസഖ്യത്തിൽ ഇടതു പാർട്ടികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എഐഎംഐഎം പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

വീണ്ടും അതിശക്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അതിശക്തമഴ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കാനിടയുണ്ട്. വിവിധ ജില്ലകളിൽ ഇന്ന് മുതൽ അഞ്ച് ദിവസം യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് 11-10-2025: പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 12-10-2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്

വിദ്യാർഥി സംഘർഷം; കാലിക്കറ്റ് സർവകലാശാലാ കാമ്പസ് അടച്ചു

  കോഴിക്കോട്: അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ അറിയിച്ചു."

ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദനം ; വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ വ്യാപകപ്രതിഷേധം. കോഴിക്കോട് ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഐജി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. തുടർന്ന്, നടത്തിയ റോഡ് ഉപരോധവും തർക്കത്തിൽ കലാശിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചതിന് സമീപത്ത് കൂടെ വാഹനങ്ങൾ കടത്തിവിട്ടതോടെ തർക്കവുമായി പ്രവർത്തകർ രംഗത്തെത്തി. ഡിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. കാസർകോട് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

യാത്രക്കാരുടെ സുരക്ഷ അപകടത്തിലാകും'; എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാരുടെ സംഘടന

  ദില്ലി: ആവർത്തിച്ചുള്ള വൈദ്യുത തകരാറുകൾ ചൂണ്ടിക്കാട്ടി എല്ലാ എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിന് കത്തെഴുതി. ഇന്നത്തെ വിയന്ന-ദില്ലി വിമാനം ഓട്ടോപൈലറ്റ്, സിസ്റ്റം തകരാറുകളെ തുടർന്ന് ദുബായിലേക്ക് തിരിച്ചുവിട്ടതിനെ തുടർന്ന് പ്രത്യേക ഡിജിസിഎ ഓഡിറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടൻ AI-171 വിമാന അപകടത്തിന് ശേഷം, എയർ ഇന്ത്യ വിമാനങ്ങളിൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പൈലറ്റുമാരുടെ സംഘം പറഞ്ഞു. രാജ്യത്ത് B-787 വിമാനങ്ങളുടെ തകരാറുകളുടെ കാരണങ്ങൾ അന്വേഷിക്കാത്തതിനാൽ വിമാന യാത്രയുടെ സുരക്ഷ അപകടത്തിലാണെന്നും എയർ ഇന്ത്യയുടെ എല്ലാ B-787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്നും വൈദ്യുത സംവിധാനങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നും മന്ത്രിയോട് അഭ്യർഥിച്ചു.

മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ്; വിവേക് കിരണിന് സമൻസ് അയച്ചത് ലൈഫ് മിഷൻ കേസിൽ 2023ൽ,

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ലൈഫ് മിഷൻ കേസിൽ 2023ലാണ് ഇ ഡി സമൻസ് അയച്ചത്. എന്തിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല. സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്. അതേസമയം, വിഷയത്തിൽ ഇ ഡിയുടെ തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം

പൊതു ഇടങ്ങളിലെ ജാതിപ്പേരുകൾ നീക്കംചെയ്യാൻ തമിഴ്നാട്; മാ‍ർ​ഗനിർദ്ദേശം പുറത്തിറക്കി സർക്കാർ

  ചെന്നൈ: പൊതു ഇടങ്ങളിലെ ജാതി അടിസ്ഥാനപ്പെടുത്തിയുള്ളതും വിവേചന പരവുമായ ബോർഡുകൾ, സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ്റ്റാൻ്റുകൾ, ​ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവയുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ തമിഴ്നാട് സ‍‍‍‍ർക്കാർ ഉത്തരവ്. കോളനി എന്ന പദം ഔദ്യോഗിക രേഖകളിൽ നിന്നും പൊതു ഉപയോഗത്തിൽ നിന്നും നീക്കം ചെയ്യുമെന്ന് ഏപ്രിൽ 29 ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ മാർഗ്ഗനിർദ്ദേശം. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള പേരുകൾ പ്രത്യേക സമൂഹത്തെ അപമാനിക്കുന്നതാണോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തണം. ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസർമാർ, പഞ്ചായത്തുകളിലെ എക്സിക്യൂട്ടീവ് ഓഫീസർമാർ, മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും കമ്മീഷണർമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കണം ഇത്

ആശങ്കയൊഴിഞ്ഞു, എംഎസ്‌സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായും നീക്കി, കപ്പൽ പുറത്തെടുക്കാൻ ശ്രമം

  മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി. 1950 ലെ ഭൂമി കൈമാറ്റരേഖകള്‍ക്ക് അത്തരം ഉദ്ദേശ്യമില്ല. ഫാറൂഖ് കോളജ് മാനേജ്മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ലെന്നും ഹൈക്കോടതി. വഖഫ് ബോര്‍ഡിന് ‍ഹൈക്കോടതിയുടെ വിമര്‍ശനം. വഖഫ് ബോര്‍ഡിന്റേത് ഭൂമി ഏറ്റെടുക്കാനുള്ള തന്ത്രമെന്ന് വിമര്‍ശിച്ചു. ഭൂമി വഖഫായി പ്രഖ്യാപിച്ച 2019ലെ നീക്കം ഏകപക്ഷീയം. ഭൂമി കൈമാറി 69 വര്‍ഷത്തിനുശേഷമാണ് ബോര്‍ഡ് നടപടി. ഭൂമി വഖഫ് ആക്കി മാറ്റാനാകില്ല. ജുഡീഷ്യല്‍ കമ്മിഷന്‍ശുപാര്‍ശ സര്‍ക്കാരിന് നടപ്പാക്കാം. നീതീകരിക്കാനാകാത്ത കാലതാമസമെന്നും ഹൈക്കോടതി

ആശങ്കയൊഴിഞ്ഞു, എംഎസ്‌സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായും നീക്കി, കപ്പൽ പുറത്തെടുക്കാൻ ശ്രമം

  കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങിലൂടെയാണ് കപ്പലിനുള്ളിലെ ഇന്ധനം പൂർണമായും നീക്കം ചെയ്തത്. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ചിലവേറിയ നടപടിയാണ്. കപ്പൽ കമ്പനിക്ക് തന്നെയാണ് ഇത് നീക്കാനുള്ള ഉത്തരവാദിത്വം. കപ്പൽ മുങ്ങിയത് കപ്പൽ ചാലിൽ അല്ലാത്തിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ചുള്ളത് കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ പ്രതികരിക്കാനില്ലെന്നും ശ്യാം ജഗന്നാഥൻ പറഞ്ഞു.

എയിംസ് കോഴിക്കോട് വേണം'; പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി

  ന്യൂഡല്‍ഹി:മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നാല് പ്രധാന ആവശ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്. നാല് സ്ഥലങ്ങൾ നേരത്തെ നിർദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഹരജി ചൊവ്വാഴ്ച പരി​ഗണിക്കും

  തൃശൂർ: പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. എന്നാൽ ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹരജി ചൊവ്വാഴ്ച പരി​ഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരി​ഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോൾ പിരിവിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ടോൾ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു."  .

ഡോക്ടറെ ആക്രമിച്ച കേസ്; പ്രതി സനൂപിനെ കൂടുതൽ ചോദ്യം ചെയ്യും, കസ്റ്റഡി അപേക്ഷ നൽകും, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും പണിമുടക്ക്

  കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. അടുത്ത ദിവസം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് നീക്കം. തെളിവെടുപ്പ് പൂർത്തിയായെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അക്രമം അരങ്ങേറിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർ ഇന്നും പണിമുടക്കും. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. കാഷ്യാലിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രം ചികിത്സ നൽകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ആശുപത്രിയിൽ അടിയന്തരമായി പൊലീസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് കെ ജി എം ഒ എ സമരം തുടരുന്നത്. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ പണിമുടക്ക് ഉണ്ടാകില്ല.

കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കുമോ? പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്; വയനാടിന് കൂടുതൽ കേന്ദ്ര സഹായവും എയിംസും ലക്ഷ്യം

  ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലി സന്ദ‍ർശനത്തിന്‍റെ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്‍റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി കാണുന്നത്.

ദേശീയപാതയിലെ ഷാലിമാർ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്

കണ്ണൂർ: തളിപ്പറമ്പിൽ വൻ തീപിടിത്തം. ദേശീയപാതയിലെ ഷാലിമാർ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാൻ ശ്രമം തുടരുകയാണ്. ബസ്റ്റാന്‍ഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിനാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാന്‍ അഗ്നിശമനസേന യൂണിറ്റുകള്‍ എത്തി. ഒരു കെട്ടിടത്തില്‍ നിന്നും മറ്റുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്‌. നിരവധി കടകൾ കത്തിയമർന്നു‌.

ശബരിമല സ്വർണപ്പാളി വിവാദം; പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി

  തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. എഡിജിപി എച്ച് വെങ്കിടേഷ് നയിക്കുന്ന സംഘത്തിൽ ഹൈക്കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുമുണ്ട്. നിലവിൽ അന്വേഷണം നടത്തുന്ന ദേവസ്വം വിജിലൻസ് നാളെ ഹൈക്കോടതിയിൽ റിപ്പോർട് നൽകും. ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശിൽപമടക്കം അമൂല്യവസ്തുക്കളുടെ പരിശോധന ശനിയാഴ്ച തുടങ്ങും. മുൻ ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റീസ് കെ ടി ശങ്കരനാണ് സ്ട്രോങ് റൂം അടക്കമുള്ളവ പരിശോധിക്കുക.

നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതിൽ നടപടി; അഭിഭാഷകനെ പുറത്താക്കി

ന്യൂഡൽഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി. രാകേഷ് കിഷോറിന്റെ താൽകാലിക അംഗത്വമാണ് റദ്ദാക്കിയത്. ബാർ കൗൺസിൽ നേരത്തെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ബാർ കൗൺസിൽ ഭാരവാഹി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർ അനർഹരായ ആളുകൾക്ക് അംഗത്വം കൊടുക്കുന്നു എന്ന പരാതി നിലനിൽക്കെയാണ് താത്കാലിക അംഗത്വം മാത്രമുണ്ടായിരുന്ന രാകേഷ് കിഷോറിനെ ഇപ്പോൾ പുറത്താക്കിയിരിക്കുക്കുന്നത്.

സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം, ഉടൻ നോട്ടീസ് നൽകും

  കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഇന്നലെ നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ആർ സി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുൽഖറിന്റെ വാഹനം വിട്ടു നൽകുന്നില്ല എങ്കിൽ അതിനു കൃത്യമായ വിശദീകരണം നൽകാൻ കസ്റ്റംസിനോട്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമർശം സഭയിൽ, ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം

  തിരുവനന്തപുരം: തുടർച്ചയായി നാലാം ദിവസവും നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്. വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിം​ഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡിനോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാൽ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ. ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലാണ് ദിവസങ്ങളായി സഭയിൽ പ്രതിഷേധം നടക്കുന്നത്.

ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; അപലപിച്ച് ആരോഗ്യമന്ത്രി, 'ശക്തമായ നിയമ നടപടി സ്വീകരിക്കും

  തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബിഹാർ തെരഞ്ഞെടുപ്പ്;ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺ​ഗ്രസ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺഗ്രസ്. 25 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായി ഡൽഹിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിന് ശേഷം കോൺ​ഗ്രസ് വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ പാർട്ടികളുടെ പിടിവാശി കടുത്ത തലവേദനയാണ് മുന്നണികൾക്ക് മുന്നിലുയർത്തുന്നത്. നേരത്തെ, 50 സീറ്റുകളാണ് ആർജെഡി വാ​ഗ്​ദാനം ചെയ്തിരുന്നെങ്കിലും യോ​ഗത്തിന് ശേഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയാണ് കോൺ​ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച പാർട്ടി ഇത്തവണ ചില വിട്ടുവീഴ്ചകൾക്ക് ഒരുക്കമാണെന്നാണ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ ഇന്നലെ പ്രതികരിച്ചത്. ആർജെഡിയുമായും ഇൻഡ്യ സഖ്യകക്ഷികളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവിടുകയെന്ന് നേതാക്കൾ അറിയിച്ചു.

മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് പിതാവ്, തലയില്‍ വെട്ടേറ്റു

  വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.

ചൂരൽമല-മുണ്ടക്കൈ ദുരന്തം; കേരളത്തിനോട് കേന്ദ്രത്തിന്റെ ചിറ്റമ്മനയം വേണ്ട ഹൈക്കോടതി

  കൊച്ചി ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേരളത്തിനോട് കേന്ദ്രം ചിറ്റമ്മനയം നടത്തേണ്ട. വായ്പകൾ എഴുതി തള്ളാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗുജറാത്തടക്കമുള്ള സംസ്ഥാനങ്ങൾക്ക് തുക അനുവദിച്ചത് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സഹായിക്കാൻ മനസ്സില്ലെങ്കിൽ അത് തുറന്നു പറയണമെന്നും വിമർശിച്ചു.മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കെതിരായ ബാങ്കുകളുടെ ജപ്തി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

ന്യൂ മാഹി ഇരട്ടകൊലക്കേസ്: സിപിഎം പ്രവർത്തകരായ 14 പ്രതികളേയും വെറുതെ വിട്ട് കോടതി

കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് തലശ്ശേരി അഡീഷ്ണൽ സെഷൻസ് കോടതി. പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. 2010 മെയ്28നാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങൾ നടന്നത്. കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. സുജിത്ത്, ടികെ സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരാണ് മറ്റു പ്രതികൾ. 

അമീബിക് മസ്തിഷ്‌കജ്വരം; 97 പേർക്ക് ഈ വർഷം രോഗം സ്ഥിരീകരിച്ചു, 22 മരണം

  തിരുവനന്തപുരം സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പത് പേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഈ വർഷം ഇതുവരെ 97 പേർക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത്. അതിൽ 22 പേർക്ക് ജീവൻ നഷ്ടമായി. ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ളപ്പോൾ കേരളത്തിൽ മരണം നിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക പരത്തുന്നുണ്ട്."

കസ്റ്റംസിന് പിന്നാലെ ഇഡി; മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ റെയ്ഡ്

  കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു. 

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഒക്‌ടോബര്‍ ഒമ്പതിനകം കൈമാറണം; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി

  ന്യൂഡല്‍ഹി: ബിഹാറില്‍ എസ്‌ഐആറിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. ഒക്‌ടോബര്‍ ഒമ്പതിനകം വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം. നവംബര്‍ 6ന് ആരംഭിക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് വീണ്ടും ഒക്‌ടോബര്‍ 9നു പരിഗണിക്കാനായി മാറ്റി.

ദുൽഖറിന്‍റെ ലാൻഡ് റോവർ നൽകുന്നതിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണം'; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

  കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനം വിട്ട് നൽകുന്നതിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുപത് വർഷത്തെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യം തള്ളിയാൽ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. വിദേശത്ത് നിന്ന് എത്തിച്ച വാഹനത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതായി നിലപാട് അറിയിച്ച കസ്റ്റംസ് ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി.

ജാതി സർവേ: കർണാടകയിൽ സ്‌കൂളുകൾക്ക് ഒക്ടോബർ 18വരെ അവധി

ബംഗളൂരു: ജാതി സര്‍വേ പൂർത്തിയാക്കുന്നതിനായി കർണാടകയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ഒക്ടോബർ 8 മുതൽ 18 വരെ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സർവേ പൂർത്തിയാക്കാൻ അധ്യാപക സംഘടന 10 ദിവസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവധി നൽകാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

വീണ്ടും ഇടിമിന്നലോടെ ശക്തമായ മഴയെത്തുന്നു, ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലർട്ട്; പുതുക്കിയ മഴ അറിയിപ്പ്

  തിരുവനന്തപുരം: നാളെ മുതൽ ഉച്ചക്ക് ശേഷം ലയോര ഇടനാട് മേഖലയിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 9ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 10ന് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും, 11ന് പാലക്കാട്, മലപ്പുറം എന്നീ ജീല്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖറിന്റെ അടക്കം 6 ആഢംബര വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ തുടരും, 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി

  കൊച്ചി : ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. ദുൽഖറിന്റെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലുണ്ട്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടും പിടികൂടാനായത് 39 വാഹനങ്ങൾ മാത്രമാണ്.  ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന തുടങ്ങിയപ്പോൾ തന്നെ വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്നാട്, കർണാടക പൊലീസിന്‍റെ സഹായം തേടും.

കാസര്‍കോട്ട് വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപികയും ഭര്‍ത്താവും മരിച്ചു

  കാസര്‍കോട്: വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാസർകോട് മഞ്ചേശ്വരം കടമ്പാർ സ്വദേശികളായ അധ്യാപികയും ഭർത്താവും മരിച്ചു. പെയിന്‍റിങ് തൊഴിലാളി അജിത്ത് (35), വൊർക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്കൂ‌ളിലെ അധ്യാപികയായ ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്.

തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ പിണറായി സര്‍ക്കാര്‍, 80 ലക്ഷം വീടുകളിൽ നവകേരള ക്ഷേമ സർവ്വേ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. രണ്ടാം തുടര്‍ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തിൽ വന്നത് അടുത്തിടെയാണ്. ഇതിന് പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സർവ്വേക്ക് ആളെ എത്തിക്കുന്നത്.