ഡൽഹി: ഇൻ്റർനെറ്റ് ഉപയോഗം കുട്ടികളുടെ മൗലികാവകാശമാണെന്ന് സുപ്രിംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദവും 19(1)(എ) അനുച്ഛേദവും അനുസരിച്ച് ഇൻ്റർനെറ്റിൻ്റെ ഉപയോഗം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് ജസ്റ്റിസ് ജെ.ബി പർദേവാലയും ജസ്റ്റിസ് കെ.വി ചന്ദ്രനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇൻ്റർനെറ്റ് ഉപയോഗത്തിന് പ്രായപരിധി അടിസ്ഥാനമാക്കിയുള്ള നിരോധനം ഏർപ്പെടുത്താനും കോടതി തയ്യാറായില്ല.
ഇൻ്റർനെറ്റ് ഉപയോഗിക്കാൻ പ്രായഭേദമെന്യേ എല്ലാവർക്കും തുല്യ അവകാശങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് അഭിപ്രായപ്രകടനത്തിനോ സ്വന്തം മനഃസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനോ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നതിന് തുല്യമാണ് ഇൻ്റർനെറ്റ് ഉപയോഗം പൂർണമായി നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടന സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (child sexual exploitation and abuse material) റിപ്പോർട്ട് ചെയ്യുന്നതിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വീഴ്ച വരുത്തുന്നുവെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ