ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി

ദില്ലി: ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബം​ഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും. ബംഗ്ളദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ ബം​ഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ബംഗ്ളദേശിൽ മുഹമ്മദ് യൂനൂസ് ഉറപ്പു നൽകിയ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്ത്യ നിരീക്ഷിക്കും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂ എന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.

സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

  തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടക്കും. ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷകൾ നടക്കുക. അഞ്ചു മുതൽ പത്താം ക്‌ളാസുവരെയുള്ള കുട്ടികൾക്കാണ് ഈ ടൈംടേബിൾ. ഒന്നു മുതൽ നാലുവരെ ക്‌ളാസുകൾക്ക് 17 മുതൽ 23 വരെയാണ് പരീക്ഷ. ഡിസംബർ 9, 11 തീയതികളിലെ വോട്ടെടുപ്പും 13 നുള്ള വോട്ടെണ്ണൽ കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിച്ചത്. ഡിസംബർ 24 മുതലാണ് ക്രിസ്മസ് അവധി

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം, ആവശ്യത്തിന് പൊലീസുണ്ട്, കേന്ദ്രസേന ഉടനെത്തും': ഡിജിപി റവാഡ ചന്ദ്രശേഖർ

  പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. നവംബർ 17 ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്നുവെന്നും ഡിജിപി വ്യക്തമാക്കി. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു. സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്‌നമായത്. 5000 ബസ് വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. സ്‌ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത രണ്ട് മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മാവോയിസ്റ്റ് നേതാവ് മാധ്വി ഹിദ്മ കൊല്ലപ്പെട്ടു

  ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് മാധ്വി ഹിദ്മ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ആന്ധ്രാപ്രദേശില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് മാധ്വി കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, മാധ്വി ഹിദ്മ എന്ന സന്തോഷും ഭാര്യയും മറ്റ് നാല് പേരും ഛത്തീസ്ഗഡില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ, അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനത്തില്‍ വച്ച് സുരക്ഷാസേന വളയുകയായിരുന്നു.

എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം; കേരളം സുപ്രീംകോടതിയില്‍

എസ്.ഐ.ആറിനെതിരെ കേരളം സുപ്രീംകോടതിയില്‍. തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്ഐആര്‍  തടയണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഹര്‍ജി. എസ്‌ഐആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പിലാക്കിയാൽ അത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ കഴിയില്ലെന്നുമാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ ഹൈ‌ക്കടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെയും വാദംകേട്ട ജസ്റ്റിസ് വി.ജി .അരുൺ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് നിർദേശിക്കുകയായിരുന്നു. 

പാലത്തായി പോക്‌സോ കേസ്: മാതാവ് നൽകിയ പരാതിയിൽ നടപടിയെടുത്തില്ല; കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം

  കണ്ണൂർ: പാലത്തായി പോക്‌സോ കേസ് വിധിയിൽ മുൻ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം. ഇരയെ കൗൺസലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടി എടുത്തില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നൽകിയ പരാതിയിൽ കെ.കെ ശൈലജ നടപടിയെടുത്തില്ല. അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗൺസലർമാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗൺസലർമാർക്കെതിരെ നടപടി വേണമെന്ന് കോടതി. കൗൺസലിങ്ങിൻ്റെ പേരിൽ കൗൺസലർമാർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും കോടതി പറഞ്ഞു.