ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘം ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്



കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംഘം ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്. അതേസമയം, 18 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് വ്യക്തതയില്ല. സംസ്ഥാന പൊലീസ് സേന അതിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാത്രി മുഴുവൻ നാടിൻറെ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടും പ്രതികൾ ആരെന്ന സൂചന പോലുമില്ല. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന നിർണായക സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.


ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാൻ സഹോദരൻ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഓടിയെത്തിയ അമ്മൂമ്മയും കണ്ടു നിന്ന നാട്ടുകാരിയും നിസഹായരായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. സിസിടിവിയിൽ നിന്ന് കിട്ടിയ വാഹന നമ്പർ പിന്നീട് വ്യാജമെന്ന് തിരിച്ചറിഞ്ഞു. ആറ് മണിയോടെ നാടൊട്ടുക്ക് പൊലീസ് പരിശോധനയ്ക്കിറങ്ങി. സമീപ ജില്ലകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകി. പക്ഷേ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.


അതിനിടെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തുന്നത്. രണ്ട് തവണയാണ് ഫോൺ കോൾ എത്തിയത്. ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയുമാണ് സംഘം ആവശ്യപ്പെട്ടത്. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പൊലീസ് അന്വേഷണത്തിൽ ഫോൺ വിളിച്ചത് പാരിപ്പള്ളിയിലെ ഒരു കടയുടെ ഉടമയുടെ ഫോണിൽ നിന്നാണെന്ന് വ്യക്തമായി. ഒരു സ്ത്രീയും പുരുഷനും വന്ന് സാധനങ്ങൾ വാങ്ങിയെന്നും അവർ ഫോൺ വിളിക്കാനുപയോഗിച്ചെന്നുമാണ് കടയുടമ പൊലീസിന് നൽകിയ മൊഴി. അതിനിടെ, കടയിലെത്തിയ പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഈ രേഖാചിത്രത്തിലെ മുഖത്തെയാണ് ഇപ്പോൾ കേരളം തേടുന്നത്. അബിഗേൽ സാറ എന്ന പൊന്നോമനയുടെ തിരിച്ചുവരവിനായി ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.