സംസ്ഥാനത്താദ്യമായി ട്രാന്‍സ്ജെന്‍ഡറിന് ലൈംഗികപീഡനക്കേസിൽ ശിക്ഷ; പതിനാറുകാരനെ പീഡിപ്പിച്ചതിന് ഏഴു വർഷം കഠിന തടവ്
തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാന്‍സ്ജെന്‍ഡറായ പ്രതി ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണ് (34) ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെന്‍ഡറെ ലൈംഗികപീഡനക്കേസിൽ ശിക്ഷിക്കുന്നത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു.
2016 ഫെബ്രുവരി 23 ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു.തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതിക്കൊപ്പം പോകാന്‍ കുട്ടി വിസമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തി കൊണ്ട് പോവുകയായിരുന്നു. പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാൻ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു.കുട്ടി ഫോൺ ബ്ലോക്ക് ചെയതപ്പോൾ പ്രതി ഫേസ്ബുക്ക് മെസ്സൻജറിലൂടെ മെസേജുകൾ അയച്ചു.
മെസേജുകൾ കണ്ട അമ്മ സംശയിച്ച് പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിൻ്റെ വിവരം അറിയുന്നത്.തുടർന്ന് കുട്ടിയോട് വിവരം തിരക്കിയതോടെ പീഡന വിവരം കുട്ടി വെളിപ്പെടുത്തി. ഉടന്‍ തമ്പാനൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നിർദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂരിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമണായി മാറി.
അതേസമയം, സംഭവ സമയത്തും താന്‍ ട്രാൻസ്ജെൻഡര്‍ ആയിരുന്നുവെന്നും ഷെഫിൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ,അഭിഭാഷകരായ എം.മുബീന, ആർ.വൈ.അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകൾ ഹാജരാക്കി. തമ്പാനൂർ എസ് ഐയായിരുന്ന എസ്.പി.പ്രകാശാണ് കേസ് അന്വേഷിച്ചത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ