ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തുർക്കിയിൽ 12 മണിക്കൂറിനിടെ മൂന്ന് ശക്തമായ ഭൂചലനം; മരണസംഖ്യ 2400 കടന്നു


 

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 2431 ആയി. തുര്‍ക്കിയില്‍ മാത്രം 1,541പേര്‍ മരിച്ചു. സിറിയയില്‍ 890 പേര്‍ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആയിരത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തവണ കൂടി ഭൂചലനമുണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങൾ കൂടിയാണ് ഉണ്ടായത്. ഇതിനു തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ പറഞ്ഞു. സിറിയില്‍ നടന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് സിറിയന്‍ ദേശീയ ഭൂചലന നിരീക്ഷണ ഏജന്‍സി പറഞ്ഞു.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂറുപേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഡോഗ്സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാന്‍ തീരുമാനമെടുത്തത്.

തുര്‍ക്കിയിലെയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളും. ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എമര്‍ജന്‍സി മെഡിക്കല്‍ ടീം നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തന നിരതമാണെന്നും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നടത്തിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും എമര്‍ജന്‍സി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേവനങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. നൂറു രക്ഷാ പ്രവര്‍ത്തകരുമായി തങ്ങളുടെ ഐഎല്‍ 76 എയര്‍ക്രാഫ്റ്റ് ഉടന്‍ സിറിയയില്‍ എത്തുമെന്ന് റഷ്യ അറിയിച്ചു. തുര്‍ക്കിയിലേക്കും ആവശ്യമെങ്കില്‍ രക്ഷാ പ്രവര്‍ത്തകരെ വിടാന്‍ സന്നദ്ധമാണെന്നും റഷ്യ അറിയിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.