ലുസൈലിലെ ഫൈനല്‍ കാണാന്‍ എം എ യൂസഫലിയെത്തും. ഫൈനലില്‍ താന്‍ ആർക്കൊപ്പമെന്ന് ചോദിച്ചാല്‍ താന്‍ 32 ടീമുകള്‍ക്കുമൊപ്പവുമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. '32 ടീമും നമ്മുടെ ടീമാണ്. എല്ലാ ടീമുകള്‍ക്കും നല്ല ഭക്ഷണം ഒരുക്കാന്‍ ശ്രദ്ധിച്ചു. ഇന്നത്തെ കളി വളരെ മികച്ചതായിരിക്കും. ആര് ജയിക്കും എന്നതല്ല, ഇന്നത്തെ കളിയുടെ ആവേശം ഒന്ന് വേറെതന്നെയായിരിക്കും. നമുക്കെല്ലാവർക്കും ഒരുമിച്ച് ലോകകപ്പ് ഫൈനല്‍ ആസ്വദിക്കാം. ഫൈനല്‍ പോരാട്ടം പൂർണസമയവും കാണും' എന്നും ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖത്തർ സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് എം എ യൂസഫലി ലോകകപ്പ് ഫൈനല്‍ കാണുക.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. മെസി-എംബാപ്പെ പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. സംഘാടനത്തിലും കാണികളുടെ പങ്കാളിത്തത്തിലും മലയാളിപ്പെരുമ ഉയർത്തിയാണ് ഖത്തർ ലോകകപ്പിന് വിരാമമാകാന്‍ പോകുന്നത് എന്ന സവിശേഷതയുമുണ്ട്. ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരില്‍ക്കണ്ട ഫിഫ ലോകകപ്പാണ് ഖത്തറിലേത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ