ദോഹ: ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഉജ്ജ്വല കളി കെട്ടഴിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മയിൽ തോൽവി സമ്മതിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച് ഫ്രാൻസ് തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്നു. അഞ്ചാം മിനിട്ടിൽ തിയോ ഹെർണാണ്ടസും 79-ാം മിനിട്ടിൽ കോലോ മൂവാനിയുമാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിയിലെത്തിയ ആഫ്രിക്കൻ സംഘമെന്ന പെരുമയോടെ മൊറോക്കോയ്ക്ക് തലയുയർത്തി നാട്ടിലേക്ക് മടങ്ങാം.
മത്സരത്തിന്‍റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. മൊറോക്കൻ പ്രതിരോധം പിളർത്തിയാണ് ഫ്രാൻസ് അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനുവേണ്ടി ലക്ഷ്യം കണ്ടത്. വരാനെ ഒരുക്കിയ ത്രൂബോളിൽനിന്ന് അന്‍റോയിൻ ഗ്രീസ്മാൻ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഹെർണാണ്ടസിന്‍റെ ഗോൾ. ഈ ലോകകപ്പിൽ മൊറോക്കോയുടെ ഗോൾവല കുലുക്കുന്ന ആദ്യ എതിർ ടീം കളിക്കാരനാണ് തിയോ ഹെർണാണ്ടസ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ