ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാട്ടാക്കട മർദ്ദനം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


 തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായക്. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു. സംഭവത്തില്‍ കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയിരിക്കുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയെടുത്ത ശേഷമാണ് ഇപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാര്യം കേസെടുത്തിരിക്കുന്നത്. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ് മര്‍ദ്ദനമേറ്റ പ്രേമനൻ. 

മകൾ രേഷ്മയ്ക്കും  മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ  ചേർന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.

അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേൾക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോൾ രേഷ്മയെ തള്ളിമാറ്റി.  തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നൽകിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലിൽ നിന്ന് ജീവനക്കാര്‍ മോചിപ്പിച്ചത്. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന് പരിക്കേറ്റു. സംഭവത്തിൽ 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിട്ടുണ്ട്.  സിഐടിയുഭാരവാഹികളായ  ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എൻ.അനിൽ കുമാര്‍, ഐഎൻടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലൻ ഡോറിച്ച്  എന്നിവരെ അന്വേഷണവിധേയരായി സസ്പെൻ‍ഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.