ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'തിന്മകളില്‍ നിന്നും സ്വയം രക്ഷനേടാന്‍ അമേരിക്കക്കാര്‍ക്ക് ആയുധം വേണം'; തോക്ക് നിയന്ത്രണത്തിനെതിരെ ട്രംപ്

 


ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്‌സസില്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ 19 കുട്ടികളടക്കം കൊല്ലപ്പെട്ട സംഭവം ചര്‍ച്ചയായിരിക്കെ രാജ്യത്ത് തോക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഹൂസ്റ്റണില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു തോക്ക് നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യങ്ങളെ ട്രംപ് തള്ളിയത്. ടെക്‌സസ് സംഭവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം.

ടെക്‌സസില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പല രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പിന്മാറിയിരുന്നു. എന്നാല്‍ ട്രംപ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

തിന്മകളില്‍ നിന്നും സ്വയം രക്ഷനേടാന്‍ അമേരിക്കക്കാര്‍ക്ക് ആയുധം അത്യാവശ്യമാണെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ട്രംപ് പറഞ്ഞത്.

”ലോകത്ത് തിന്മ നിലനില്‍ക്കുന്നു എന്നത്, നിയമം അനുസരിച്ച് പോരുന്ന പൗരന്മാരെ നിരായുധരാക്കാനുള്ള കാരണമല്ല. ലോകത്ത് തിന്മ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് നിയമത്തിന് അനുസൃതമായി ജീവിക്കുന്ന പൗരന്മാര്‍ക്ക് ആയുധം നല്‍കേണ്ടതിന്റെ പ്രധാന കാരണം,” ട്രംപ് പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും ശക്തമായ ഗണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷനാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍.

അതേസമയം, യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ടെക്സസിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പ്രൈമറി സ്‌കൂളിലുള്ളത്.

സൗത്ത് ടെക്സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ്ബ് എലമെന്ററി സ്‌കൂളിലായിരുന്നു സംഭവം. 18 വയസുള്ള ഒരാള്‍ തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സാല്‍വദോര്‍ റാമോസ് എന്ന 18കാരനാണ് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്.

സാല്‍വദോര്‍ റാമോസിന്റെ കയ്യില്‍ സെമി ഓട്ടോമാറ്റിക് റൈഫിളും ഒരു ഹാന്‍ഡ് ഗണും ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എന്നാല്‍ റാമോസ് ക്രിമിനല്‍ പശ്ചാത്തലമോ മാനസിക പ്രശ്‌നങ്ങളോ ഉള്ള ആളല്ലെന്നും പൊലിസ് അറിയിച്ചിരുന്നു.

പതിനെട്ട് വയസ് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇയാള്‍ തോക്ക് വാങ്ങിയെന്നാണ് റിപ്പോട്ടുകള്‍ പുറത്തുവന്നത്. ഇതോടെയാണ് രാജ്യത്തെ തോക്കുനിയമങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യമുയരുന്നത്.

തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു.എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 18 വയസുകഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാം. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്.

ടെക്‌സസ് സംഭവത്തിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

2012ല്‍ യു.എസിലെ സാന്‍ഡി ഹൂകില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇപ്പോള്‍ ടെക്സസില്‍ നടന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.