ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ 70 സീറ്റുകളില്‍ ധാരണ, ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആശ്വാസം. മുതിര്‍ന്ന നേതാക്കളടക്കമുള്ള മാരത്തണ്‍ ചര്‍ച്ചയില്‍ 70 സീറ്റുകളില്‍ ധാരണയായതായാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോളം നീണ്ടുനിന്ന ചര്‍ച്ചയിലാണ് 70 മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലേക്കെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചത്. ഇനിയും ശേഷിക്കുന്ന സീറ്റുകളില്‍ പാനലായതായാണ് വിവരം. മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പാനലില്‍ നിന്നും സിഇസി തീരുമാനിക്കട്ടെയെന്ന് കേരള നേതൃത്വം സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ച് സീറ്റുകളിലാണ് ഇനിയും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത്. അനിശ്ചിതത്വത്തില് തുടരുന്ന സീറ്റുകളുടെ കാര്യത്തില്‍ വൈകുന്നേരത്തോടെ തീരുമാനമാകുന്ന പ്രതീക്ഷയിലാണ് നേതൃത്വം. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.

സംസ്ഥാനത്ത് ഇരട്ട ചക്രവാതച്ചുഴി; ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ, ഇടിമിന്നലിനും സാധ്യത

  തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്‌നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളില്‍ മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നില്ല; അന്തിമ തീരുമാനമായില്ലെന്ന് സണ്ണി ജോസഫ്

  ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികള്‍ ആരെന്നുള്ള കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നാല്‍പതിലേറെ സീറ്റുകളില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എംപിമാര്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച സീറ്റുകളിലും ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കില്ല. സ്ഥാനാര്‍ഥി പട്ടിക വൈകുന്നതില്‍ സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോടകം തന്നെ എല്‍ഡിഎഫ് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയിട്ടും ആദ്യം തന്നെ പ്രഖ്യാപിക്കാന്‍ കഴിയാതെപോയ യുഡിഎഫ് ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്.

പാലായില്‍ ജോസ് കെ. മാണി തന്നെ, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍; കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പാലായിലും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും മത്സരിക്കും. പാര്‍ട്ടിക്ക് ലഭിച്ച 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കും. ചാലക്കുടിയില്‍ കോണ്‍ഗ്രസ് വിട്ട് വന്ന മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു എസ്. ചിറയത്താണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥികള്‍ 1. പാലാ-ജോസ് കെ. മാണി 2. ഇടുക്കി-റോഷി അഗസ്റ്റിന്‍ 3. കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ് 4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍ 5. പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത് 7. റാന്നി- പ്രമോദ് നാരായണന്‍ 8. തൊടുപുഴ- സിറിയക് ചാഴികാടന്‍ 9. പിറവം- സാബു കെ. ജേക്കബ് 10. ഇരിക്കൂര്‍- മാത്യു കുന്നപ്പള്ളി 11. കടുത്തുരുത്തി- നിര്‍മ്മല ജിമ്മി 12. പെരുമ്പാവൂര്‍- ബേസില്‍ പോള്‍"

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി സ്ഥലങ്ങളില്‍ അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്നതായി റിപോര്‍ട്ട്. അതീവ ജാഗ്രതയുടെ ഭാഗമായി കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം കൊട്ടാരക്കര, ഒല്ലൂര്‍, തൃത്താല, ബേപ്പൂര്‍, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രപ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

  തലശ്ശേരി: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കുടുംബം നൽകിയ ഹരജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം വിട്ടുകളഞ്ഞ നിർണായക ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ വാദിച്ചിരുന്നു. പി.പി. ദിവ്യയുടെ ഫോൺ കോൾ ലിസ്റ്റ് (CDR) ഉൾപ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാത്തത് ഗൂഢാലോചന മറച്ചുവെക്കാനാണെന്നും കുടുംബം ആരോപിച്ചു. ഈ വാദങ്ങൾ മുഖവിലക്കെടുത്താണ് കോടതിയുടെ പുതിയ നടപടി.

37 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്; ശരദ് പവാറടക്കം 26 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

  ന്യൂഡല്‍ഹി: 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം നാല് മണി വരെ തുടരും. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണല്‍ ആരംഭിച്ച് രാത്രിയോടെ ഫലങ്ങള്‍ പുറത്തുവരും. എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാര്‍ ഉള്‍പ്പെടെ 26 സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 11 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ബിഹാറില്‍ നാലെണ്ണത്തില്‍ എന്‍ഡിഎ ജയം ഉറപ്പിച്ചതാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു സീറ്റില്‍ ഇന്ത്യ മുന്നണിയും എന്‍ഡിഎയും തമ്മില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മല്‍സരം നടക്കും."