ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍; നടന്നത് ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട

 


കാസര്‍കോട്: പെര്‍ളയില്‍ വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം(36), അമേക്കള സ്വദേശി ഷരീഫ്(52) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും പെര്‍ളയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. അസമയത്ത് അമിത വേഗതയിലെത്തിയ പിക്കപ്പിനെ കൈ നീട്ടി തടയുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ ഉള്‍വശം പരിശോധിക്കുകയായിരുന്നു. പിക്ക് അപ്പിന്റെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്ത് അറസ്റ്റുചെയ്തു. ആന്ധ്രയില്‍ നിന്ന് പെര്‍ള ചെക്ക് പോസ്റ്റുവഴി കേരളത്തിലെത്തിക്കുന്ന സംഘത്തിലെ കണ്ണികളിലൊന്നാണ് പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതികള്‍ പലതവണ കേരളത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇത്രയും വലിയതോതില്‍ ആദ്യയാണ് ഇവര്‍ കടത്തിയതെന്നും അധികൃതര്‍ പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് സംഘത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജെയിംസ് എബ്രഹാം കുരിയോ, മുരളി കെവി, പ്രിവന്റിവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, പ്രജിത്ത് കെആര്‍, ഷിജിത്ത് വിവി, മഞ്ജുനാഥന്‍, സതീശന്‍, സോനു സെബാസ്റ്റ്യന്‍, മെയ്‌മോള്‍ ജോണ്‍, ഡ്രൈവര്‍ ക്രിസ്റ്റീന്‍ പിഎ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.