ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍

 






തിരുവനന്തപുരം: ചട്ടങ്ങള്‍ പാലിക്കാതെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍ക്കും മേയര്‍ വി വി രാജേഷാണ് സത്യ വാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 അംഗങ്ങളില്‍ 19 അംഗങ്ങളാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. 4.30ന് കോര്‍പ്പറേഷനില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ഹൈക്കോടതി ഉത്തരവിലെ നിബന്ധകള്‍ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി.


ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് 20 പേരുടെ സത്യപ്രതിജ്ഞയായിരുന്നു ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങള്‍ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗണ്‍സില്‍ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്. കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ സുഗതന്റെയും സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയിരുന്നു. എന്നാല്‍ സുഗതന് ഇന്ന് സത്യ പ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. 


നിയമവിരുദ്ധമായാണ് സത്യപ്രതിജ്ഞ സംഘടിപ്പിച്ചതെന്നാരോപിച്ച് ചടങ്ങിനെതിരേ എല്‍ഡിഎഫ് പരാതി നല്‍കി. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് പരാതി നല്‍കിയത്. മറ്റ് ജനപ്രതിനിധികള്‍ അറിയാതെയാണ് സത്യപ്രതിജ്ഞ നടന്നത്. മറ്റുള്ളവരില്‍ നിന്ന് മറച്ച് വെച്ച് നടത്തുന്ന ചട്ട വിരുദ്ധമായ ചടങ്ങ് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 


തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ പല ദൈവങ്ങളുടേയും ബലിദാനികളുടേയും പേരിലാണെന്നും അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കൗണ്‍സിലര്‍ എസ് പി ദീപകാണ് കോടതിയെ സമീപിച്ചത്. പരശുരാമന്‍, ആറ്റുകാലമ്മ, പത്മനാഭ സ്വാമി, നാരായണ ഗുരു അടക്കമുളള പേരുകളിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത്. ഇത് നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. തുടന്നാണ് 20 പേരെ അയോഗ്യരാക്കിയത്. 


ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. എസ് പി ദീപക് തന്നെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നത്. ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്ത നടപടി കേരള മുന്‍സിപ്പാലിറ്റി നിയമം, 1994ന്റെ ലംഘനമാണെന്നും ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതുമെന്നായിരുന്നു പരാതി.


കേരള പഞ്ചായത്ത് രാജ് 152ാം വകുപ്പിലും, മനിസിപ്പാലിറ്റി ആക്ടിലെ 143ാം വകുപ്പിലും അഗംങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കല്‍ ദൃഢപ്രതിജ്ഞയോ ആകണമെന്ന് പറയുന്നു. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് വിപുലീകരണമോ, മറ്റ് നിര്‍വ്വചനമോ ചട്ടത്തിലില്ലാത്തതിനാല്‍ പല ദൈവങ്ങളുടെ പേരിലുള്ള സത്യ പ്രതിജ്ഞ അസാധുവാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.