സിഎംആര്എല്-എക്സാലോജിക് കേസ്: ചോദ്യം ചെയ്യല് ഘട്ടത്തിലേക്ക് ഇഡി; വീണയോട് ബുധനാഴ്ച ഹാജരാകാന് നിര്ദേശം
കൊച്ചി: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് ചോദ്യം ചെയ്യല് നടപടികള്ക്ക് തുടക്കമാകുന്നു. കേസുമായി ബന്ധപ്പെട്ട് സിഎംആര്എല് മാനേജിങ് ഡയറക്ടര് ശശിധരന് കര്ത്തയുടെ മകനായ ശരണ് എസ് കര്ത്ത ഉള്പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. ശരണ് എസ് കര്ത്തയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുക.
അതേസമയം, വീണയോട് ബുധനാഴ്ച ഹാജരാകാനാണ് നിര്ദേശം. സിഎംആര്എല്ലില് നിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന 2.78 കോടി രൂപ ഏത് സേവനത്തിനുള്ള പ്രതിഫലമായിരുന്നുവെന്നും ആ തുക എങ്ങനെ ചെലവഴിച്ചുവെന്നുമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങള്. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയുടെ കൈവശമുള്ള 134 രേഖകള് ഹാജരാക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളും നേരത്തെ നടത്തിയ പരിശോധനകളില് ലഭിച്ച ഡിജിറ്റല് തെളിവുകളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല് നടക്കുക.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ