കാസറഗോഡ്: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുന്ന എയിംസ് (AIIMS) പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ച് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ കാസറഗോഡിൻ്റെ ചാർജ് ഉള്ള ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജിക്ക് കാസറഗോഡ് ഗസ്റ്റ് ഹൗസിൽ വച്ച് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട സംഘം, കാസറഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും അവിടുത്തെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉദുമ എം.എൽ.എ ശ്രീ. കെ. നീലകണ്ഠൻ്റെ സാന്നിധ്യത്തിലാണ് നിവേദക സംഘം മന്ത്രിയെ കണ്ടത്.
ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവവും കാരണം കാസറഗോഡ് ജില്ലയിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എയിംസ് ജില്ലയ്ക്ക് അനുവദിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഭാരവാഹികൾ മന്ത്രിയോട് വ്യക്തമാക്കി. പ്രൊപ്പോസലിൽ കാസറഗോഡിൻ്റെ പേര് ചേർക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും ഭാരവാഹികൾ അറിയിച്ചു.
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷൻ അരമങ്ങാനം, ട്രഷറർ സലീം സന്ദേശം, കോർഡിനേറ്റർ ശ്രീനാഥ് ശശി, വൈസ് പ്രസിഡൻ്റുമാരായ അഹമ്മദ് കിർമാണി, നാസർ ചെർക്കളം, സെക്രട്ടറി സിസ്റ്റർ ജയാ ആൻ്റോ മംഗലത്ത് എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ