നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി അതിജീവിത. അന്വേഷണത്തിന് എസ്ഐടിയെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്.
അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശം വിചാരണ കോടതി ജഡ്തിയായിരുന്ന ഹണി എം വര്‍ഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. മെമ്മറി കാര്‍ഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. 2019 നവംബര്‍ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.
മെമ്മറി കാര്‍ഡ് പരിശോധിക്കുമ്പോള്‍ മൊബൈല്‍ ഫോണോ ദൃശ്യം പകര്‍ത്താന്‍ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എഫ്എസ്എല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാര്‍ഡ് പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേസില്‍ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങള്‍ കാണിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ