ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പെരിയ ഇരട്ടക്കൊല; നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

 


കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞ് അധികൃതര്‍. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണ റിപോര്‍ട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ല. ആറ് പ്രതികള്‍ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ടപരോള്‍ വിവാദമായത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി.


പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിരുന്നു. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്.

അഭിപ്രായങ്ങള്‍