കാസർഗോഡ്: മാപ്പിളപ്പാട്ട് ലോകത്തെ ജനപ്രിയ ഗായകൻ അഷറഫ് പയ്യന്നൂർ അറുപതാം ജന്മദിനത്തിന്റെ നിറവിൽ. മലബാർ കലാസാംസ്കാരിക വേദിയുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ ജന്മദിനം സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായി ആഘോഷിച്ചു.
"കത്തുന്ന കർബല", "പാടി ബിലാലെന്ന പൂങ്കുയിൽ" തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മാപ്പിളപ്പാട്ട് കലയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ തന്റെ ശബ്ദം എത്തിച്ച അദ്ദേഹത്തിന് കലാപ്രവർത്തനങ്ങൾക്കായി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ജന്മദിനത്തോടനുബന്ധിച്ച് മലബാർ കലാസാംസ്കാരിക വേദി പ്രവർത്തകർ അഷറഫ് പയ്യന്നൂരിന്റെ വസതിയിലെത്തി കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം പാട്ടുപാടിയും കുശലം പറഞ്ഞും ഏറെ നേരം ചെലവഴിച്ച പ്രവർത്തകർ ഗായകന് ഹൃദ്യമായൊരു ജന്മദിനാനുഭവമാണ് സമ്മാനിച്ചത്.
ജനറൽ സെക്രട്ടറി അസീസ് ട്രെൻഡ്, ട്രഷറർ അബൂബക്കർ ആയക്കടവ്, ഭാരവാഹികളായ റിയാസ് നായന്മാർമൂല, അമീർ പോപ്പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ ഗായികയും അഷറഫ് പയ്യന്നൂരിന്റെ ഭാര്യയുമായ താഹിറ അഷറഫും ചടങ്ങിൽ സന്നിഹിതയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ