ന്യൂഡല്‍ഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മെഗ്വാളാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്ല് പാസാകും. സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രനീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവരുന്നത്. മൂന്ന് ബില്ലുകളേയും എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
വനിതാ സംവരണ ബില്ലില്‍ ഇന്നും നാളെയുമായി ലോക്‌സഭയില്‍ 18 മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. ചര്‍ച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചേക്കും. രാജ്യസഭയില്‍ 16 മണിക്കുറുമാണ് ചര്‍ച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്. ബില്ല് ലോക്സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ബില്ലിനെതിരേ പ്രതിഷേധിച്ച് ഇന്ന് ഡിഎംകെ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ചാകും പാര്‍ലമെന്റിലെത്തുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ