കാസർകോട് നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് നഗരത്തിന്റെ ദീർഘകാല സമഗ്ര വികസന ദിശയെ വ്യക്തമായി രേഖപ്പെടുത്തുന്നതാണെന്ന് ജില്ലാ ജനകീയ വികസന സമിതി സെക്രട്ടറി അബ്ദുറഹിമാൻ തെരുവത്ത് പ്രസ്താവിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 16.36 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭയുടെ സാമ്പത്തിക ശാസ്ത്രീയതയും ദൂരദർശിത്വവും തെളിയിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഫ്ലൈഓവർ നിർമാണം ഉൾപ്പെടെയുള്ള നിർദേശങ്ങൾ, പ്രധാന റോഡുകളുടെ വീതികൂട്ടൽ, മുനിസിപ്പൽ സ്റ്റേഡിയം നവീകരണം, പുതിയ ബസ് സ്റ്റാൻഡ്–ഷോപ്പിംഗ് കോംപ്ലക്സ് വികസനം, മത്സ്യ മാർക്കറ്റ് പുനർനിർമ്മാണം തുടങ്ങിയ പദ്ധതികൾ നഗരത്തിന്റെ അടിസ്ഥാന ഘടകങ്ങളെ ശക്തിപ്പെടുത്തുന്നവയാണെന്ന് വിലയിരുത്തി.
അതോടൊപ്പം വനിതാ സംരംഭകർക്കുള്ള പ്രോത്സാഹന പദ്ധതികൾ, ഭവനരഹിതർക്കുള്ള ഭവന പദ്ധതി, സമ്പൂർണ്ണ ശുചിത്വ ലക്ഷ്യം, സ്മാർട്ട് അംഗനവാടികൾ, വിനോദസഞ്ചാര വികസന പദ്ധതികൾ തുടങ്ങിയവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര വികസന കാഴ്ചപ്പാടിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
“കാസർകോട് നഗരത്തിന്റെ ഭാവിയെ മുൻനിർത്തിയുള്ള വികസന ചിന്താഗതികളാണ് ഈ ബജറ്റിൽ പ്രതിഫലിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുകയാണെങ്കിൽ കാസർകോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും,” എന്നും അബ്ദുറഹിമാൻ തെരുവത്ത് കൂട്ടിച്ചേർത്തു.
ജില്ലാ ജനകീയ വികസന സമിതി നഗരസഭ ഭരണസമിതിയെ അഭിനന്ദിക്കുകയും, ജനക്ഷേമവും വികസനവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ