കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് അണിനിരത്തുക ജില്ലയിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവിനെയോ? പാർട്ടിയുടെ ഉരുക്കുകോട്ടയായ കാസർഗോഡ് മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾ അണികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന നേതൃത്വത്തിന്റെ നയം നടപ്പിലായാൽ, മാഹിൻ ഹാജിയിലൂടെ മണ്ഡലം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് കേന്ദ്രങ്ങൾ.
ചെർക്കളം അബ്ദുല്ലയ്ക്ക് ശേഷമുള്ള കരുത്തനായ നേതാവാണ് മാഹിൻ ഹാജി
അന്തരിച്ച ജനനായകൻ ചെർക്കളം അബ്ദുല്ലയ്ക്ക് ശേഷം കാസർഗോഡ് ജില്ലയിൽ മുസ്ലിം ലീഗിനെ ഇത്രത്തോളം കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു നേതാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വെറുമൊരു നേതാവ് എന്നതിലുപരി, ജില്ലയിലെ സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ മാഹിൻ ഹാജിക്കുള്ള സ്വീകാര്യത സ്ഥാനാർത്ഥി നിർണ്ണയത്തിൽ അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു.
കല്ലട്ര കുടുംബത്തിന്റെ പാരമ്പര്യം
ജില്ലയിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് മാഹിൻ ഹാജിയുടെ പ്രവർത്തനം. കാസർഗോട്ടെ ആദ്യ ലീഗ് ഓഫീസ് സ്ഥാപിക്കുന്നതിനും, വിദ്യഭ്യാസ-സാമൂഹിക മുന്നേറ്റത്തിന് വഴിതുറന്ന ദേളി സൗദിയ പോലുള്ള സ്ഥാപനങ്ങൾക്കും ഭൂമി നൽകിയ കല്ലട്ര കുടുംബത്തിന്റെ സേവനങ്ങൾ പാർട്ടി പ്രവർത്തകർ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. ഈ കുടുംബ മഹിമയും മാഹിൻ ഹാജിയുടെ വിനയപൂർവ്വമായ ഇടപെടലുകളും അദ്ദേഹത്തെ സർവ്വസമ്മതനാക്കുന്നു.
മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം അദ്ദേഹത്തിന്റെ സംഘടനാ ശേഷിയുടെ തെളിവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷം ജില്ലയിൽ ലീഗിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കായി. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പ്രവർത്തകർക്ക് ഊർജ്ജം പകർന്ന് അദ്ദേഹം നടത്തിയ പര്യടനങ്ങൾ പാർട്ടിയെ താഴെത്തട്ടിൽ ശക്തമാക്കി.
മഞ്ചേശ്വരത്ത് അഷ്റഫ് തന്നെ
കാസർഗോഡ് മണ്ഡലത്തിൽ കല്ലട്ര മാഹിൻ ഹാജി വരുമ്പോൾ, അയൽ മണ്ഡലമായ മഞ്ചേശ്വരത്ത് നിലവിലെ എം.എൽ.എ എ.കെ.എം അഷ്റഫ് തന്നെ തുടരാനാണ് സാധ്യത. ബി.ജെ.പിയുടെ വോട്ട് വിഹിതം കുറയ്ക്കാനും ലീഗിന്റെ കരുത്ത് തെളിയിക്കാനും അഷ്റഫിന് സാധിച്ചുവെന്ന വിലയിരുത്തലിലാണ് നേതൃത്വം.
ജില്ലയിലെ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ കാസർഗോട്ടെ സംഘടനാ സംവിധാനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത് മാഹിൻ ഹാജിക്കുള്ള പച്ചക്കൊടിയായാണ് അണികൾ കാണുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കല്ലട്ര മാഹിൻ ഹാജിയുടെ സ്ഥാനാർത്ഥിത്വം ഇതിനോടകം തന്നെ പ്രവർത്തകർ ആഘോഷമാക്കി മാറ്റിയിരി ക്കുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ