കേരളത്തിലെ എസ്ഐആര്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ പരാതി പ്രവാഹം, ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുള്ളവരെ സഹായിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പുരോഗതി വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രതിവാര യോഗത്തിലും പരാതിപ്രവാഹം. തദ്ദേശ വോട്ടെടുപ്പ് ദിവസം തന്നെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ വാശിയെന്തെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ചോദിച്ചു. ഫോം ഒപ്പിട്ടവരെല്ലാം കരട് പട്ടികയിൽ വരുമെങ്കിൽ എസ്ഐആറിന്‍റെ പ്രസക്തി എന്തെന്ന സംശയം ബിജെപി ഉന്നയിച്ചു. ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുളളവരെ കമ്മീഷൻ സഹായിക്കുമെന്ന് സിഇഒ രത്തൻ ഖേൽക്കർ മറുപടി നൽകി. എസ്ഐആർ ഫോം വിതരണവും ഡിജിറ്റലൈസ് ചെയ്യലും പൂർത്തിയാക്കാൻ ഇനി അഞ്ച് ദിവസമാണ് ബാക്കിയുള്ളത്. ഇതുവരെ തിരികെ 85 ശതമാനം ഫോമുകളാണ് ലഭിച്ചത്. 7.61 ലക്ഷം പേരുടെ ഫോമുകള്‍ തിരികെ ലഭിച്ചിട്ടില്ല. ഫോം വിതരണ പ്രക്രിയ പൂർത്തിയാക്കും മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ അവസാന അവലോകന യോഗത്തിലും സമയം നീട്ടണമെന്ന ആവശ്യം ഉയര്‍ന്നു. ഡിസംബർ ഒൻപതിന് സംസ്ഥാനത്ത് തദ്ദേശ വോട്ടെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ