രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ല, കടുപ്പിച്ച് എഐസിസി; 'വ്യക്തത വരുത്താതെ തുടർ പരിഗണനകളില്ല
ദില്ലി: പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ല. രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്.
ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.എന്നാല്‍, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതൃത്വം എത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ