കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുവാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിച്ചില്ലെന്നും മൊഴികള്‍ അവഗണിച്ചതിലൂടെ അന്വേഷണം എസ്‌ഐടി അട്ടിമറിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹര്‍ജി.
അതേസമയം കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുതെന്നും തുടര്‍ അന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയയപ്പ് നല്‍കുന്ന പരിപാടിയില്‍ പിപി ദിവ്യ നടത്തിയ പ്രസംഗം നവീന്‍ ബാബുവിനെ മാനസീകമായി വേദനിപ്പിച്ചിരുന്നു. കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ