തൃശൂര്‍: കേരളത്തിലെ പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മോക്ക്ഡ്രില്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ നടക്കും. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ ഡിസംബര്‍ 29 നാണു മോക്ക് ഡ്രില്ലുകള്‍ നടക്കുക. ജില്ലയില്‍ പ്രളയ സാധ്യത മോക്ക് ഡ്രില്ലാണ് നടത്തുന്നത്.
മുകുന്ദപുരം താലൂക്കില്‍ പടിയൂര്‍ പഞ്ചായത്തിലെ ചുള്ളിപ്പാലം, തൃശൂര്‍ താലൂക്കിലെ കോര്‍പ്പറേഷന്‍ കീഴിലുള്ള പള്ളിക്കുളം, ചാവക്കാട് താലൂക്കില്‍ ചാവക്കാട് മുന്‍സിപ്പല്‍ ഗ്രൗണ്ടിന് സമീപമുള്ള കനോലി കനാല്‍, ചാലക്കുടി താലൂക്കില്‍ മുന്‍സിപ്പാലിറ്റി പരിധിയിലെ ആറാട്ടുകടവ്, കുന്നംകുളം താലൂക്കില്‍ മുന്‍സിപ്പാലിറ്റി പരിധിയിലെ ചട്ടുകുളം എന്നിവിടങ്ങളിലായാണ് മോക്ക് ഡ്രില്‍ നടത്തുക.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ - രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ഇതിലൂടെ വിലയിരുത്തപ്പെടും.
അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം വിവിധ ജില്ലകളില്‍ സമാനമായ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പാലക്കാട് ജില്ലയിലെ അഞ്ച് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ എന്ന വിഷയത്തില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നു. മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ, നെന്മാറ പഞ്ചായത്തിലെ ചേരുംകാട്, ആലത്തൂര്‍ പഞ്ചായത്തിലെ കാട്ടുശ്ശേരി വീഴുമല, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെള്ളത്തോട്, അമ്പലപ്പാറ പഞ്ചായത്തിലെ മേലൂര്‍ കീഴ്പ്പാടം കോളനി എന്നിവടങ്ങളിലാണ് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
മോക്ക് എക്‌സസൈസിന് മുന്നോടിയായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. മോക്ക് എക്‌സസൈസിന് മുന്നോടിയായി സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളും ചുമതലകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ