ദേളി–കുന്നുപാറ മുബഷിറിൻ്റെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഏകദിന ഉപവാസം
മേൽപ്പറമ്പ് :
2025 നവംബർ 11-ന് കാസർഗോഡ് സബ് ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ദേളി–കുന്നുപാറ സ്വദേശി മുബഷിറിൻ്റെ (29) മരണം കൊലപാതകമാണെന്ന് ആരോപിച്ച് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി 7-ന് മേൽപ്പറമ്പിൽ തൃണമൂൽ കോൺഗ്രസ് (AITC) ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് പാർട്ടി കാസർഗോഡ് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലഭ്യമായ രേഖകൾ, സഹതടവുകാരുടെ മൊഴികൾ, കുടുംബം നൽകിയ പരാതികൾ എന്നിവ പരിശോധിക്കുമ്പോൾ മുബഷിറിനെ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മൃഗീയ പീഡനങ്ങൾക്ക് വിധേയനാക്കി കൊലപ്പെടുത്തിയതാണെന്നതിലേക്കാണ് സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
ഏകദിന ഉപവാസം ഫെബ്രുവരി 7-ന് രാവിലെ 9 മണിക്ക് ആരംഭിക്കും. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചീഫ് കോർഡിനേറ്റർ വി.എസ്. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കോർഡിനേറ്റർ നിസാർ മേത്തർ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മായിൻ ഹാജി ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ തൃണമൂൽ കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് സിദ്ദിഖ് എം.എം.കെ, ജനറൽ സെക്രട്ടറി ജനാർദ്ദനൻ നമ്പ്യാർ, ട്രഷറർ കെ.എം. നബീൽ, വൈസ് പ്രസിഡന്റ്മാരായ എം.എൻ. ഓമനക്കുട്ടൻ മാവുങ്കാൽ, ഖദീജ മൊഗ്രാൽ, സെക്രട്ടറിമാരായ റഹ്മാൻ കുന്നുപാറ, അസീസ് മുഗു എന്നിവർ പങ്കെടുത്തു.
കൂടാതെ ജില്ലാ കമ്മിറ്റി അംഗങ്ങളായ റിയാസ് ഏരിയാൽ മുഹമ്മദ് (മേൽപ്പറമ്പ്), യദു കൃഷ്ണ (കാസർഗോഡ്), ബഷീർ കസായി (മേൽപ്പറമ്പ്) എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ