ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
കൊച്ചി: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിജിലന്‍സ് ഡയറക്ടര്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണം. ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാനും 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊടിമരം പുനര്‍നിര്‍മാണത്തിനായി സംഭാവന വാങ്ങിയതില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 27 പേരില്‍ നിന്നാണ് സംഭാവനയായി സ്വര്‍ണം സ്വീകരിച്ചത്. എത്രത്തോളം സ്വര്‍ണം സംഭാവനയായി സ്വീകരിച്ചു, അത് എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സംഭാവന നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തണം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന കൊടിമര നിര്‍മാണത്തിലാണ് കോടതി പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കൊടിമര നിര്‍മാണം പൂര്‍ണമായും ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്ന് 2017ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജയ് തറയില്‍ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ