രണ്ടുപേരെക്കൂടി മോചിപ്പിച്ചതായി ഹമാസ്, ഇരട്ട പൗരത്വമുള്ള ബന്ദികളെ മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്
ഗാസ: ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രണ്ട് പൗരന്മാരെക്കൂടി മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേലി വനിതകളെയാണ് ഹമാസ് മോചിപ്പിച്ചത്. ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് നടപടി. 85കാരി യോഷെവ്ഡ് ലിഫ്ഷിറ്റ്സ്, 79കാരി നൂറിറ്റ് കൂപ്പർ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ
വിട്ടയച്ചെന്നാണ് ഹമാസിന്‍റെ വിശദീകരണം.
വിദേശ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഹമാസ് ആരായുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബന്ദികളുടെ മോചന സാധ്യത തേടി റെഡ് ക്രോസ് ഇടപെടുന്നത്. വെള്ളിയാഴ്ച, അമേരിക്കൻ പൗരന്മാരായ ജൂഡിത്ത് തായ് റാനനെയും മകൾ നതാലി ശോശാന റാനനെയും ഹമാസ് മോചിപ്പിച്ചിരുന്നു.
തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഖത്തറിനോടും ഈജിപ്തിനോടും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അമേരിക്ക പറഞ്ഞിരുന്നു. ഒക്‌ടോബർ ഏഴിന് ഇസ്രയേൽ-ഗാസ അതിർത്തിക്കടുത്തുള്ള നഹാൽ ഓസ് കിബ്ബട്ട്സിൽ നിന്നാണ് അമേരിക്കൻ പൗരന്മാരായ അമ്മയെയും മകളെയും ഹമാസ് പിടികൂടിയത്. ഇസ്രയേലിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. 222 പേരെ പിടികൂടി ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
അതേസമയം, ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 300-ലധികം ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 2,000-ലധികം കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 5,000-ത്തിലധികം ഉയർന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ