ദോഹ ∙ കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.
ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.
കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടി 28 വർഷത്തെ കിരീടമില്ലായ്മ അവസാനിപ്പിച്ച അർജന്റീന, ഒരു വർഷത്തിനിപ്പുറം ലോകകപ്പ് വേദിയിലെ 36 വർഷം നീണ്ട കിരീടവരൾച്ചയ്ക്കും രാജകീയമായി വിരാമമിട്ടു. ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും. ഖത്തറിലെ കിരീടവിജയത്തോടെ അർജന്റീനയ്ക്ക് സമ്മാനത്തുകയായി 347 കോടി രൂപ ലഭിക്കും. നാലു വർഷം മുൻപ് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ കയ്യിലെടുത്ത ട്രോഫി അർജന്റീനയ്ക്ക് കൈമാറി രണ്ടാം സ്ഥാനത്തേക്ക് മാറുന്ന ഫ്രാൻസിന് 248 കോടി രൂപയും ലഭിക്കും. കാൽ നൂറ്റാണ്ടിനിടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഫ്രാൻസ് ഖത്തറിലെത്തിയത്. 2018നു മുൻപ് 1998ൽ സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻഷിപ്പിലും അവർ ജേതാക്കളായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ