കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ടി. ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു
കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ്. ദീര്‍ഘകാലം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, വൈദ്യുതി, ഗ്രാമവികസനം, ധനകാര്യം എന്നീ വകുപ്പുകളാണ് വിവിധ മന്ത്രിസഭകളിലായി കൈകാര്യം ചെയ്തിരുന്നത്. രണ്ട് നായനാര്‍ മന്ത്രിസഭയിലും അംഗമായിരുന്നു.
അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൂടുതല്‍ അടുത്തത്. രസതന്ത്രം അധ്യാപകനായിരുന്നു അദ്ദേഹം സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 1984ല്‍ പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്ഥാന അക്കാദമിക് കൗണ്‍സിലില്‍ ഉപദേശകനായും കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ