അഹമ്മദാബാദ്: വിദ്യാര്‍ത്ഥികളോട് ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍. ഗുജറാത്തിലെ സ്വകാര്യ കോളേജ് പ്രിന്‍സിപ്പാളായ രഞ്ജന്‍ ഗോഹില്‍ ആണ് ആവശ്യമുന്നയിച്ചത്. വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഗോഹില്‍ രാജി വെച്ചിരുന്നു.
ജൂണ്‍ 24നാണ് ഗോഹില്‍ കാമ്പസില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. പെണ്‍കുട്ടികള്‍ അവരുടെ ഫോട്ടോകള്‍ കൊണ്ടുവരണമെന്നും, ഭാവ്‌നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ താമസിക്കുന്നവര്‍ ബി.ജെ.പിയുടെ ഇലക്ടറല്‍ പഞ്ച് കമ്മിറ്റിയില്‍ അംഗങ്ങളാകണമെന്നുമായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.
ബി.ജെ.പി ആരംഭിച്ച മെമ്പര്‍ഷിപ്പ് ഡ്രൈവില്‍ ചേരാന്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമായും കൊണ്ടുവരണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കുലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തില്‍ അതൃപ്തിയറിയിച്ചിരുന്നു.
സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ വേണ്ടി സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പാള്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍ജുന്‍ മോദ്വാഡിയ പ്രതികരിച്ചു.
പ്രിന്‍സിപ്പാളിന്റെ നടപടിയ്‌ക്കെതിരെ ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധമറിയിച്ചിരുന്നു. അത് കോളേജ് ആണോ അതോ ബി.ജെ.പി പ്രവര്‍ത്തകരെ നിര്‍മിക്കാനുള്ള ഫാക്ടറിയാണോ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.
നിലവില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോളേജുകളില്‍ ചെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ടെന്നും എന്നാല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞ രീതിയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും ഭാവ്‌നഗര്‍ ബി.ജെ.പി അധ്യക്ഷന്‍ രാജീവ് പാണ്ഡ്യ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ