ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഐഎഎസ് തലത്തിൽ അഴിച്ചുപണി, മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ

 തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ്ണചുമതലയിൽ നിയമിച്ചു. കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. ബിജു പ്രഭാകറാണ് കെഎസ്ഇബിയുടെ പുതിയ ചെയർമാൻ. തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകിക്ക് നോർക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. 

മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു

  കാസര്‍കോട്: മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു. ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബാലന്‍ (70)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് ബാലന്‍ മരിച്ചത്. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാന്ന് മരിച്ചു കിടക്കുന്നത് കണ്ടത്. പി.കുഞ്ഞിരാമന്റെയും പരേതയായ ബി.മുത്താണിയുടെയും മകനാണ്. ഭാര്യ: പരേതയായ പി.ഗിരിജ. മക്കള്‍: ഗിരീഷ് (ഓട്ടോഡ്രൈവര്‍), രതീഷ് (ഗള്‍ഫ്). മറ്റൊരു മകനായ സുധീഷിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു. മരുമക്കള്‍: അജിത, റീന. സഹോദരങ്ങള്‍: കീലത്ത് ദാമു, ശാരദ(റിട്ട.അങ്കണവാടി ടീച്ചര്‍), തങ്കമണി (അങ്കണവാടി ഹെല്‍പ്പര്‍, ബങ്കളം കൂട്ടപ്പുന്ന).

കേരളത്തിലെ 'ഡ്രൈ ഡേ' മാറ്റാൻ നിര്‍ദ്ദേശം; 'ഒന്നാം തീയതിയും മദ്യശാല തുറന്നാല്‍ വൻ വരുമാന വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  വരുമാന വര്‍ധന ചര്‍ച്ച ചെയ്യാൻ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്. 

തദ്ദേശ വാര്‍ഡ് വിഭജനം; ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍; തിര. കമ്മിഷനെ സമീപിക്കാന്‍ സര്‍ക്കാര്‍

തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നും  തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി വാങ്ങണമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും.  2020 ലെ ഭേദഗതി പ്രകാരമാണ് തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ കൊണ്ടുവന്നത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നടപ്പിലാക്കാനായിരുന്നു തീരുമാനം. ഓര്‍ഡിനന്‍സ് അനുസരിച്ച് വിഭജനത്തോടെ പഞ്ചായത്തുകളില്‍ 1300ലേറെ പുതിയ വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും  നഗരസഭകളില്‍ 127 വാര്‍ഡുകളുടെയും വര്‍ധനയുണ്ടാകും. വാര്‍ഡുകളുടെ അതിര്‍ത്തിയിലും വ്യത്യാസം വരും. കൊച്ചി കോര്‍പറേഷനില്‍ മാത്രം രണ്ട് വാര്‍ഡുകളും മറ്റ് കോര്‍പറേഷനുകളില്‍ ഓരോ വാര്‍ഡിന്‍റെയും വീതമാണ് വര്‍ധന വരിക.  കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു.

മംഗ്ളൂരു വിമാനദുരന്തത്തിന് ഇന്ന് 14 വര്‍ഷം; മരണപ്പെട്ട 158 പേരില്‍ 52 മലയാളികള്‍, പലര്‍ക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയില്ല

കാസര്‍കോട്: മംഗ്ളൂരു വിമാനദുരന്തത്തിന് ഇന്നേക്ക് 14 വര്‍ഷം. 2010 മെയ് 22ന് രാവിലെ 6.30ന് മംഗ്ളൂരു വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടയിലാണ് എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെട്ടത്. ദുബായില്‍ നിന്നുമെത്തിയ വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ റണ്‍വെ തെറ്റി വലിയ കുഴിയിലേക്ക് വീണ് തീ പിടിച്ചാണ് അപകടം ഉണ്ടായത്. കാസര്‍കോട്, കണ്ണൂര്‍, മംഗ്ളൂരു സ്വദേശികളായ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ മലയാളികളടക്കം എട്ടു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 158 പേര്‍ മരിച്ചു. ഇവരില്‍ 52 പേര്‍ മലയാളികളായിരുന്നു. വിമാനദുരന്തത്തിന്റെ ഓര്‍മ്മക്ക് അപകടം നടന്ന സ്ഥലത്ത് സ്മാരകം നിര്‍മ്മിച്ചിരുന്നുവെങ്കിലും ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണിപ്പോള്‍. ഇരകളായ പലരുടെയും കുടുംബങ്ങള്‍ നിയമപോരാട്ടം തുടരുന്നതിനിടയിലാണ് ദുരന്തത്തിന്റെ മറ്റൊരു വാര്‍ഷിക ദിനം കൂടി കടന്നുപോകുന്നത്

സിപിഎം നേതാക്കൾക്കു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; സിപിഎം അനുഭാവി അറസ്റ്റിൽ

കാസർകോട്: അമ്പലത്തറ പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിൽ ഒരു പ്രതിയെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം അനുഭാവിയും ഇരിയ മുട്ടിച്ചരൽ സ്വദേശിയുമായ സമീറിനെ (35)യാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രതീഷ് കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. ഇരുവർക്കും എതിരെ പോലീസ് നരഹത്യാശ്രമത്തിനാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ഗൃഹ സന്ദർശനത്തിനിടെ സിപിഎം നേതാക്കൾക്ക് നേരെ രതീഷും സമീറും ചേർന്ന് ബോംബെറിഞ്ഞത്. സിപിഎം അമ്പലത്തറ ലോക്കൽ സെക്രട്ടറി അനൂപ്, ഏഴാം മൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ തുടങ്ങിയവരാണ് ഗൃഹ സന്ദർശനത്തിന് ഇറങ്ങിയത്. ബോംബെറിൽ മുട്ടിച്ചരൽ തട്ടിലെ ആമിനക്ക് പരിക്കേറ്റിരുന്നു. ആമിനയുടെ വീട്ടിൽ ഗൃഹ സന്ദർശനത്തിനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കേസിൽ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സമീർ. രണ്ടാഴ്ച മുമ്പ് കണ്ണൂർ നടന്ന സംഭവത്തിന് തുടർച്ചയായാണ് തിങ്കളാഴ്ചയും ആക്രമം നടന്നത്. കേസിലെ മുഖ്യപ്രതിയായ രതീഷ് എട്ടുവർഷം മുമ്പ് കാപ്പാ കേസിൽ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ സമീറിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ...

ഇന്നും മഴ തിമിർത്തുപെയ്യാൻ സാധ്യത! 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.